Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ താരങ്ങള്‍ക്ക് അടിപതറുന്നു. പുരുഷ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ യാനിക് സിന്നര്‍, മൂന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ പുറത്തായതിനു പിന്നാലെ, വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡും നാല് തവണ ജേതാവുമായ ഇഗ ഷ്യാങ്ടെക്, നിലവിലെ ചാമ്പ്യന്‍ കൊക്കൊ ഗൗഫ്, ആറാം സീഡ് അമാന്‍ഡ അനിസിമോവ തുടങ്ങിയവര്‍ പുറത്ത്.
വനിതാ സിംഗിള്‍സില്‍ ആദ്യ അഞ്ച് സീഡില്‍ ഇനി ശേഷിക്കുന്നത് ഒന്നാം നമ്പറായ അരീന സബലെങ്ക മാത്രമാണ്.
15-ാം സീഡായ യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്കാണ് പോളണ്ടിന്റെ സൂപ്പര്‍ താരമായ ഇഗ ഷ്യാങ്ടെക്കിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്കോര്‍: 7-5, 6-1. മൂന്നാം റൗണ്ടില്‍ ഓസ്ട്രിയയുടെ അനസ്താസിയ പൊട്ടപോവയാണ് കൊക്കൊ ഗൗഫിനെ വീഴ്ത്തിയത്. സ്കോര്‍: 4-6, 7-6 (7-1), 6-4.
അതേസമയം, ഏഴാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിസ് താരം ബെലിന്‍ഡ ബെന്സിക്കിനെയാണ് സ്വിറ്റോളിന തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-4, 6-0. റുമാനിയയുടെ 18-ാം സീഡ് സൊറാന സിര്സ്റ്റിയയും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
പുരുഷ സിംഗിള്‍സില്‍ കാനഡയുടെ ഫീലിക്സ് അഗര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ ബ്രന്‍ഡന്‍ നാകാഷിമയെ കീഴടക്കിയാണ് നാലാം സീഡായ ഫീലിക്സിന്റെ മുന്നേറ്റം. സ്കോര്‍: 5-7, 6-1, 7-6 (7-4), 7-6 (7-1).
Sports
പാരീസ്: 2026 ഫ്രഞ്ച് ഓപ്പണില്‍ വന്‍ വീഴ്ച തുടരുന്നു. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍, അഞ്ചാം സീഡ് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, ആറാം സീഡ് റഷ്യയുടെ ഡാനി മെദ്വദേവ്, ഏഴാം സീഡ് അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, എട്ടാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗര്‍, ഒമ്പതാം സീഡ് കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക് തുടങ്ങിയവര്‍ക്കു പിന്നാലെ, മൂന്നാം സീഡായ സെര്‍ബ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും പുറത്ത്.
മൂന്നാം റൗണ്ടില്‍ ബ്രസീലിന്റെ ജോവോ ഫോണ്സെക്കയോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ തോല്‍വി. ആദ്യ രണ്ട് സെറ്റ് നേടിയ ശേഷമാണ് ജോക്കോ വീണത്. സ്കോര്‍: 4-6, 4-6, 6-3, 7-5, 7-5.
ആദ്യ അഞ്ച് സീഡിനുള്ളില് അവശേഷിക്കുന്ന ഏക താരമായ, ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം സീഡായ സ്വരേവ് ഫ്രാന്‍സിന്റെ കെന്റിന് ഹാലിസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് പ്രീക്വാര്‍ട്ടറില്‍ എത്തിയത്. സ്കോര്‍: 6-4, 6-3, 5-7, 6-2. ഇറ്റലിയുടെ ഫ്ളാവിയൊ കൊബോലിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. ഓസ്ട്രേലിയയുടെ ഡാരിയ കസത്കിനയെ (6-0, 7-5) കീഴടക്കിയാണ് സബലെങ്കയുടെ മുന്നേറ്റം.
ജാപ്പനീസ് താരം നവോമി ഒസാക്ക അമേരിക്കയുടെ ഇവ ജോവിക്കിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 7-6 (7-5), 6-7 (3-7), 6-4. ഗ്രീസിന്റെ മരിയ ഷാക്കിരിയെ മറികടന്ന് പോളണ്ടിന്റെ ച്വാലിന്സ്കയുടെ പ്രീക്വാര്‍ട്ടറില്‍ എത്തി.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്ത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റൈന്‍ താരം ഹ്വാന്‍ മാനുവല്‍ സെറുണ്ടോളോയാണ് സിന്നറിനെ അട്ടിമറിച്ചത്.
സ്കോര്‍: 3-6, 2-6, 7-5, 6-1, 6-1. രണ്ടു സെറ്റിനു മുന്നിട്ടുനിന്നശേഷമായിരുന്നു സിന്നറിന്റെ തോല്‍വി. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡായ എലെന റെബാകിനയും 12-ാം സീഡ് ജാസ്മിന് പൗലിനിയും രണ്ടാം റൗണ്ടില്‍ പുറത്തായി.
റുബ്ലെവ്, ഇഗ പ്രീക്വാർട്ടറിൽ
അതേസമയം, പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോര്‍ച്ചുഗലിന്റെ നുനൊ ബോര്‍ഗസിനെ കീഴടക്കിയാണ് റുബ്ലെവിന്റെ മുന്നേറ്റം. സ്കോര്‍: 7-5, 7-6 (7-2), 7-6 (7-2). സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യൂക്ക്, റഷ്യയുടെ മിറ ആന്‍ഡ്രീവ, ചൈനയുടെ വാങ് സിയൂ എന്നിവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്മാരായ യാനിക് സിന്നര്‍, നൊവാക് ജോക്കോവിച്ച്, ഇഗ ഷ്യാങ്ടെക്, എലിന സ്വിറ്റോളിന, ആന്ദ്രെ റുബ്ലെവ് തുടങ്ങിയവര്‍ ജയിച്ചു മുന്നേറി.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ക്ലെമന്റ് ടാബുറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 6-1, 6-3, 6-4.
പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാന്‍സിന്റെ വാലന്റിന്‍ റോയറിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 11-ാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് അര്‍ജന്റീനയുടെ കാമിലോ ഉഗോ കാരബെല്ലിയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചു. സ്കോര്‍: 6-1, 1-6, 6-3, 7-6 (7-5).
വനിതാ സിംഗിള്‍സില്‍ മൂന്നാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ചെക് താരം സാറ ബെജെക്കിനെ 6-2, 6-3നു കീഴടക്കി മൂന്നാം റൗണ്ടിലേക്കു മുന്നേറി. ഏഴാം സീഡായ യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്പെയിനിന്റെ കൈറ്റ്ലിന് ഖ്വെഡോയെയാണ് (6-0, 6-4) സ്വിറ്റോളിന കീഴടക്കിയത്.
അതേസമയം, ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോ രണ്ടാം റൗണ്ടില്‍ പുറത്തായി. പോളണ്ടിന്റെ മഗ്ദ ലിനെറ്റാണ് ഒസ്റ്റാപെങ്കോയെ കീഴടക്കിയത്; 6-2, 2-6, 6-2.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍. അതേസമയം, സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്ക ആദ്യ റൗണ്ടില്‍ പുറത്തായി. വാവ്റിങ്കയുടെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ആയിരുന്നു.
അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സും ആദ്യ റൗണ്ടില്‍ നാട്ടിലേക്കു മടങ്ങി. വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന, ഇറ്റലിയുടെ ജാസ്മിന് പൗലിനി തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറി.
ഫ്രാന്‍സിന്റെ ജിയോവന്നി പെറിക്കാര്ഡിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ജോക്കോവിച്ച് കീഴടക്കിയത്. സ്കോര്‍: 5-7, 7-5, 6-1, 6-4. നെതര്‍ലന്‍ഡ്സിന്റെ ജെസ്പര്‍ ഡി ജോങിനോടാണ് സ്റ്റാന്‍ വാവ്റിങ്ക പരാജയപ്പെട്ടത്. സ്കോര്‍: 6-3, 3-6, 6-3, 6-4.
വനിതാ സിംഗിള്‍സില്‍ ഇഗ ഷ്യാങ്ടെക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഓസ്ട്രേലിയയുടെ എമേഴ്സണ്‍ ജോണ്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി.
സ്കോര്‍: 6-1, 6-2. രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിന 6-2, 6-2ന് സ്ലോവേനിയയുടെ വെറോണിക്ക എര്ജാവെക്കിനെ ആദ്യ റൗണ്ടില്‍ മറികടന്നു. ഹംഗറിയുടെ അന്ന ബോണ്ടറിനെയാണ് സ്വിറ്റോളിന തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 1-6, 6-7 (3-10).
Sports
പാരീസ്: പ്രതിഷേധങ്ങള്‍ക്കിടെ 2026 സീസണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. പ്രതിഫലം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടക്കാത്തതില്‍ പ്രതിഷേധിച്ച്, താരങ്ങള്‍ മീഡിയ ടൈം കുറച്ചിട്ടുണ്ട്.
15 മിനിറ്റ് മാത്രമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ താരങ്ങള്‍ എത്തിയത്. വനിതാ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക, പുരുഷ ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
15, 22 ആക്കണം
ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍നിന്ന് 22 ശതമാനം പ്രൈസ് മണിയായി നല്‍കണമെന്നതാണ് താരങ്ങളുടെ ആവശ്യം. എന്നാല്‍, നിലവില്‍ ഇത് 15 ശതമാനമാണ്.
ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ ഏകദേശം 15 ശതമാനം മാത്രമേ സമ്മാനത്തുകയായി നല്‍കുന്നുള്ളൂ. ഇതിനെ സൂചിപ്പിച്ചാണ് 15 മിനിറ്റ് മാത്രം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താന്‍ താരങ്ങള്‍ തീരുമാനിച്ചത്.
സീസണിലെ ഏക കളിമണ്‍ കോര്‍ട്ട് ഗ്രാന്സ്ലാമായ ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് പങ്കെടുക്കുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് പിന്മാറ്റം. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗൗഫാണ് നിലവിലെ കിരീടാവകാശി.
Sports
പാരീസ്: 2026 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിനുള്ള ഡ്രോ പൂര്‍ത്തിയായി. കരിയര്‍ ഗ്രാന്സ്ലാം സ്വപ്നം കണ്ടെത്തുന്ന ഇറ്റലിയുടെ യാനിക് സിന്നറും 25-ാം ഗ്രാന്സ്ലാം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും തമ്മിലുള്ള ഡ്രീം ഫൈനലിനുള്ള വേദിയാണ് ഒരുങ്ങിയിരിക്കുന്നത്.
പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പരിക്കിനെത്തുടര്‍ന്ന് പിന്മാറിയിരുന്നു.
അതേസമയം, പ്രതിഫല തര്‍ക്കം പരിഹരിക്കപ്പെടാത്തതിനാല്‍ താരങ്ങള്‍ സ്ഥിരമായുള്ള മീഡിയ ടൈം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Sports
പാരീസ്: 2026 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിനായി സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് പാരീസില്‍. പുരുഷ സിംഗിള്‍സില്‍ 25-ാം ഗ്രാന്സ്ലാം കിരീടമാണ് 38കാരനായ ജോക്കോവിച്ച് ആഗ്രഹിക്കുന്നത്.
2023നുശേഷം ജോക്കോവിച്ചിന് ഒരു ഗ്രാന്സ്ലാം കിരീടത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഈ മാസം 24 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് 2026 സീസണ് ഫ്രഞ്ച് ഓപ്പണ്‍.
പാരീസില്‍ എത്തിയ ജോക്കോവിച്ച്, ജര്‍മന്‍ താരമായ അലക്സാണ്ടര്‍ സ്വരേവിനൊപ്പം പരിശീലനം നടത്തി. റോളങ്ഗാരോസില് മൂന്നു തവണ ജോക്കോവിച്ച് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സന്നാഹ ടൂർണമെന്റിൽ നിന്ന് മാഡിസണ്‍ കീസ് പിന്മാറി. പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം.
19ാം റാങ്കിലുള്ള അമേരിക്കൻ താരം ഈ ആഴ്ച ഇന്റർനാഷണൽ ഡി സ്ട്രാസ്ബർഗിൽ കളിക്കേണ്ടതായിരുന്നു.
2024ലെ കിരീട ജേതാവാണ് മാഡിസണ്‍ കീസ്. 24ന് പാരീസിലാണ് ഫ്രഞ്ച് ഓപ്പണിന് തുടക്കമാകുന്നത്.
Sports
പാരീസ്: 2026 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കന്‍ വെറ്ററന്‍ വനിതാ താരം വീനസ് വില്യംസ് കളിക്കും.
45കാരിയായ വീനസ് വനിതാ ഡബിള്‍സിലാണ് പങ്കെടുക്കുക. 24കാരിയായ അമേരിക്കന്‍ താരം ഹെയ്ലി ബാപ്റ്റിസ്റ്റാണ് ഡബിള്‍സില്‍ വീനസിന്റെ പങ്കാളി.
2026 ഓസ്ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീനസ് സിംഗിള്‍സ് കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ കളിക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടം കുറിച്ചെങ്കിലും ആദ്യറൗണ്ടില്‍ത്തന്നെ വീനസ് പുറത്തായി.
Sports
കൈത്തണ്ടയിലെ പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടൂർണമെന്റിൽ കളിക്കില്ലെന്ന് രണ്ടുതവണ ചാന്പ്യനായ കാർലോസ് അൽകാരസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ബാഴ്സലോണ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ അൽകാരസിന് പരിക്കേറ്റു. ആ മത്സരത്തിൽ അദ്ദേഹം ഓട്ടോ വിർട്ടാനനെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിൽ വിജയിച്ചതോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് മാറി.
ഏഴ് തവണ ഗ്രാൻഡ് സ്ലാം ജേതാവും കളിമണ്‍ കോർട്ട് വിദഗ്ധനുമായ അദ്ദേഹം 2024ലും 2025ലും റോളണ്ട് ഗാരോസിൽ വിജയിച്ചു.